ചീഫ് എഡിറ്ററുടെ പുതുവര്‍ഷ സന്ദേശം
കാലം ഒരിക്കലും ഒഴുക്ക് നിലയ്ക്കാത്ത ഒരു നദിപോലെയാണ്. അത് എപ്പോഴും ഒഴുകിക്കൊണ്ടേയിരിക്കും. ആ ഒഴുക്ക് അനന്തമായി തുടരും. ഓരോ പുതുവര്‍ഷവും നമ്മെ ഓര്‍മിപ്പിക്കുന്നത് കാലത്തിന്റെ നിലയ്ക്കാത്ത യാത്രയെയാണ്. കൈവിട്ടുപോ യതിനെക്കുറിച്ചു ചിന്തിച്ചു സമയം കളയാനല്ല, മറിച്ചു പുതുവര്‍ഷത്തില്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറാനുള്ള ആത്മസമര്‍പ്പണത്തിനും ആത്മപരിശോധനയ്ക്കുമുള്ള സമയമായി കാണണം.
കഴിഞ്ഞുപോയ ദിനങ്ങളുടെ ഓര്‍മകളെ പിന്നിലാക്കി പുതുവര്‍ഷത്തിലേക്ക് നമ്മള്‍ കടന്നെത്തിയപ്പോള്‍ പുത്തന്‍ പ്രതീക്ഷകളുടെ കിരണങ്ങള്‍ തെളിയണം. പോയ വര്‍ഷത്തെ സന്തോഷങ്ങളും വേദനകളും മനസില്‍ ഓടിയെത്തുമ്പോള്‍ നവവര്‍ഷം നന്മയിലേക്ക് നയിക്കാന്‍ ഇടയാവട്ടെയെന്നാണ് എല്ലാവരും പ്രാര്‍ഥിക്കുക.
ആഘോഷരാവുകള്‍ക്കപ്പുറം സ്വപ്നങ്ങളും ഉത്തരവാദിത്വങ്ങളും തമ്മിലുള്ള പുതിയൊരു കൂട്ടിച്ചേരലാവണം പുതുവര്‍ഷം നമുക്കുമുന്നില്‍ വെയ്ക്കുന്ന ഏറ്റവും വലിയ ലക്ഷ്യം. മാറ്റങ്ങളുടെയും വെല്ലുവിളികളുടെയും ഇടയില്‍, നല്ല നാളെയിലേക്കുള്ള പ്രതീക്ഷയുമായി ഓരോ മനുഷ്യനും പുതുവര്‍ഷ യാത്ര ആരംഭിച്ചുകഴിഞ്ഞു.
ലോകത്ത് ഒരുവശത്ത് യുദ്ധങ്ങളുടെയും അശാന്തിയുടേയും കരിനിഴല്‍ കടന്നുപോയപ്പോള്‍ അവയെ എല്ലാം തരണം ചെയ്ത് പുതുവര്‍ഷത്തിലേക്ക് കടന്ന ഒരു ജനതതിയും നമുക്ക് മുന്നിലുണ്ട്. അവരെ നമുക്ക് വിസ്മരിച്ചുകൂടാ. 2026 ലോക ശാന്തിയുടേയും സമാധാനത്തിന്റെയും വര്‍ഷമായി നിലകൊള്ളാന്‍ കഴിയണം.
തകര്‍ന്നടിഞ്ഞ നഗരങ്ങളുടെയും പിറന്നു വീണ നാട്ടില്‍ നിന്നും പാലായനം ചെയ്യപ്പെട്ട മനുഷ്യരുടെയും നിലവിളികള്‍ കാതില്‍ പ്രകമ്പനം കൊള്ളിക്കും. പിടിച്ചടക്കലുകളുടെയും വെട്ടിപ്പിടിക്കലിന്റെയും ലോകത്ത് പുതുവര്‍ഷം നമ്മോട് ചോദിക്കന്ന ഒരു ചോദ്യമുണ്ട്. മനുഷ്യത്വത്തിന് വിലയില്ലേ എന്ന്. ബോംബ് വര്‍ഷത്തിന്റെയും മിസൈല്‍ പാച്ചിലുകളുടേയും ഭീതിയുടെ ഇടയിലും നല്ലോരു നാളെയെന്ന വെളിച്ചത്തിലേക്കുള്ള വഴികള്‍ തേടുന്ന മനുഷ്യന്റെ അതിജീവന വിശ്വാസമാണ് ഈ പുതുവര്‍ഷത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ.
പിന്നിട്ട വര്‍ഷം ലോകത്തെയും നമ്മളെയും പല രീതിയില്‍ പരീക്ഷിച്ചു. യുദ്ധങ്ങളും സംഘര്‍ഷങ്ങളും, സാമ്പത്തിക അനിശ്ചിതത്വങ്ങളും, കാലാവസ്ഥാ ദുരന്തങ്ങളും ആഗോളതലത്തില്‍ മനുഷ്യരാശിയെ പ്രതിരോധത്തിലാക്കി. എന്നാല്‍ അവയെ എല്ലാം തരണം ചെയ്താണ് പുത്തന്‍ പ്രതീക്ഷയിലേക്ക് ഉള്ള യാത്ര.
കേരളത്തെയും ഭാരതത്തേയും സംബന്ധിച്ചിടത്തോളം, പുതുവര്‍ഷം പുതിയ സാധ്യതകളുടെയും വെല്ലുവിളികളുടെയും കാലമാണ്. വികസനവും പരിസ്ഥിതിസംരക്ഷണവും തമ്മിലുള്ള സംതുലനം. തൊഴിലവസരങ്ങളുടെ സൃഷ്ടി, യുവതലമുറയുടെ ശോഭന ഭാവി, സാമൂഹിക ഐക്യത്തിന്റെ സംരക്ഷണം ഇവയൊക്കെയും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്.
രാഷ്ട്രീയ മാറ്റങ്ങള്‍ മാത്രമല്ല, സാമൂഹിക മനോഭാവങ്ങളിലെയും മൂല്യങ്ങളിലെയും മാറ്റങ്ങളാണ് ഒരു സമൂഹത്തിന്റെ ദിശ നിശ്ചയിക്കുന്നത് എന്ന തിരിച്ചറിവു കൂടുതല്‍ ശക്തമാകണം. കേരളം ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിനായി സജ്ജമാതകുന്ന വര്‍ഷമെന്ന പ്രത്യേകതയുമുണ്ട്.
അമേരിക്കയിൽ ഡോണൾഡ് ട്രംപ് രണ്ടാം വട്ടം അധികാരമേറ്റശേഷം നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതാണ് കഴിഞ്ഞു പോയ വർഷം കാണാൻ സാധിച്ചത്. നിരവധി രാജ്യങ്ങളിലെ സംഘർഷങ്ങൾ പരിഹരിക്കാൻ തനിക്ക് കഴിഞ്ഞതിനാൽ നൊബേൽ സമ്മാനത്തിന് തന്നെ പരിഗണിക്കണമെന്ന ആവശ്യം ട്രംപ് തന്നെ മുന്നോട്ടുവെച്ചു.
ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതിലും ക്രിമിനലുകൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടി നാഷ്ണൽ ഗാർഡുകളെ വിന്യസിക്കപ്പെട്ടതും ഏറെ ചർച്ച ചെയ്യപ്പെട്ടു. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യ്യുന്ന രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്തിയതും കടന്നുപോയ വർഷമാണ്..ന്യൂയോർക്ക് സിറ്റി മേയറായി ചരിത്രത്തിൽ ആദ്യമായി മുസ്ളിം വിഭാഗത്തിൽ നിന്ന് ഒരാൾ തെരഞ്ഞെടുക്കപ്പെട്ടതും പോയ വർഷമാണ്.. ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനിയാണ് ന്യൂയോർക്കിന്റെ മേയറായി സ്ഥാനമേറ്റത്. അനധികൃത കുടിയേറ്റത്തിനെതിരേയുളള നടപടിയുടെ ഭാഗമായി ലക്ഷക്കണക്കിന് വിദേശികളെ അമേരിക്കയിൽനിന്നും തിരിച്ചയച്ചതും പോയ വർഷത്തെ പ്രധാന സംഭവമായിരുന്നു.
അമേരിക്കൻ കുടിയേറ്റ നയങ്ങൾ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, സാമ്പത്തിക പുനരുജ്ജീവനം എന്നിവ പുതുവർഷത്തിലും ചർച്ച ചെയ്യപ്പെടും. ഐ ടി മേഖലയിൽ ഉൾപ്പെടെ
അമേരിക്കൻ തൊഴിൽ മേഖലയിൽ കൂടുതൽ മാറ്റങ്ങളാണ് നടപ്പാക്കുന്നത്. എച്ച് വൺ ബി വീസാ പരിഷ്കരണം ഏറെ ചർച്ചയാവുന്നു. സിലിക്കൺ വാലി മുതൽ ന്യൂയോർക്ക് വരെ ഐടി മേഖലയിലെ വളർച്ച അവസരങ്ങളോടൊപ്പം ആശങ്കകളും ഉയർത്തുന്നുണ്ട്.
സാമ്പത്തിക രംഗം പരിശോധിക്കുമ്പോൾ പലിശനിരക്കുകളിലെ മാറ്റങ്ങളും ജീവിതച്ചെലവിന്റെ വർധനവും സാധാരണ അമേരിക്കൻ കുടുംബങ്ങളെ പോലെ തന്നെ പ്രവാസി കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്. വീടുവാങ്ങൽ, വിദ്യാഭ്യാസ ചെലവ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ വിഷയങ്ങൾ പുതുവർഷത്തിലും പ്രധാന ചർച്ചകളായിരിക്കും.
പുതുവർഷം അമേരിക്കയിലെയും ലോകമെമ്പാടുമുള്ള മലയാളികൾക്കും അവസരങ്ങൾ സമ്മാനിക്കുന്ന ഒരു വർഷമാകട്ടെ. മാറ്റങ്ങളെ ഉൾക്കൊണ് മൂല്യങ്ങളെ കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകാനുള്ള കരുത്ത് ഈ വർഷം നമ്മൾ എല്ലാവർക്കും ലഭിക്കണം.
പുതുവര്‍ഷത്തില്‍ നമ്മള്‍ നമ്മോടു തന്നെ ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്. നാം കൂടുതല്‍ സഹാനുഭൂതിയുള്ളവരായോ? .ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്നോ? .നമ്മുടെ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആര്‍ക്കെങ്കിലും വേദന സമ്മാനിച്ചിരുന്നുവോ?. ഇതെല്ലാം ആത്മപരിശോധനയ്ക്കായി നമ്മള്‍ നമ്മോടു തന്നെ ചോദിക്കണം. വാക്കുകള്‍ക്ക് അതിഭീകര ശക്തിയാണുള്ളത്. ഒരേ സമയം അത് മുറിവേല്‍പ്പിക്കാനും മരുന്നാകാനും കഴിയും. ഇതില്‍ ഏതാണ് ആവേണ്ടതെന്നു ഓരോരുത്തരുടേയും വാക്കിന്റെ ഉപയോഗം അനുസരിച്ചായിരിക്കും
ഒരു പുതുവര്‍ഷം നല്‍കുന്ന ഏറ്റവും വലിയ പ്രതീക്ഷ മാറ്റം സാധ്യമാണെന്ന വിശ്വാസമാണ്. ഓരോ വ്യക്തികളുടെയും മനസുകളില്‍ തുടിപ്പാകുന്ന ചെറിയ മാറ്റങ്ങളാണ് വലിയ സാമൂഹിക പരിവര്‍ത്തനങ്ങളായി വളരുന്നത്. സത്യസന്ധതയും സഹിഷ്ണുതയും സഹാനുഭൂതിയും മാനുഷികതയും നമ്മുടെ ജീവിതകത്തിലെ മൂല്യങ്ങളായാല്‍ മാത്രമേ പുതിയ വര്‍ഷം എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ഥം ലഭിക്കൂ.
ആഘോഷങ്ങള്‍ക്കും ആശംസകള്‍ക്കും അപ്പുറം, പുതുവര്‍ഷം നമ്മെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊന്നുണ്ട്. നമ്മുടെ സമൂഹത്തോടു പൂര്‍ണ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നത്. 2026 ല്‍ നാം ചുവടു വെയ്ക്കുമ്പോള്‍ പുതുവര്‍ഷം നമ്മെ കൂടുതല്‍ മനുഷ്യസ്നേഹത്തോടെയും നീതിബോധത്തോടെയും സഹാനുഭൂതിയോടെയും പെരുമാറാന്‍ ഇടയാക്കണം .പുതുവര്‍ഷത്തില്‍ നമ്മുടെ ചിന്തകളും സമീപനങ്ങളും പുതുക്കാന്‍ നമുക്ക് സാധിക്കട്ടെ. അതിനായി നമുക്ക് ഓരോരുത്തര്‍ക്കും ചുവട് വെച്ചു മുന്നേറാം.
സ്നേഹാശംസകളോടെ
രാജേഷ് വര്‍ഗീസ്
ചീഫ് എഡിറ്റര്‍




